കോഴിക്കോട്: സ്വന്തം മന്ത്രിമാരെ നിലക്ക് നിര്‍ത്തിയ ശേഷം മതി കോണ്‍ഗ്രസ് നേതാക്കളോടുള്ള മുഖ്യമന്ത്രിയുടെ സാരോപദേശമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

എ.കെ.ജിയുമായി ബന്ധപ്പെട്ട് വി.ടി ബല്‍റാം നടത്തിയ പ്രസ്താവനയോട് യോജിക്കുന്നില്ല. എ.കെ.ജിയെ മാത്രമല്ല ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നത് കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ലെന്ന് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു. ദീര്‍ഘകാലം പൊതുരംഗത്ത് സേവനമനുഷ്ഠിച്ച ലോക്‌സഭയിലെ ആദ്യ പ്രതിപക്ഷ നേതാവായ ഏ.കെ ഗോപാലനെ പോലുള്ള വ്യക്തികളെ മോശമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

ഫേസ്ബുക്ക്‌പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ഏ കെ ജിയുമായി ബന്ധപ്പെട്ടു നടത്തിയ പരാമര്‍ശത്തിന്റെ നിജസ്ഥിതി അറിയാന്‍ വി ടി ബല്‍റാം എം എല്‍ എ യുമായി ഞാന്‍ സംസാരിച്ചു. സാമൂഹ്യ മാധ്യമത്തില്‍ നടന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതാക്കളെ മോശമായി ചിത്രീകരിച്ചപ്പോള്‍ നടത്തിയ മറുപടിയായിരുന്നു പരാമര്‍ശം എന്നാണ് അദ്ദേഹം പറഞ്ഞത്.

ഇത്തരം പരാമര്‍ശത്തിനോട് കോണ്‍ഗ്രസിന് യോജിപ്പില്ല.എകെജിയെ മാത്രമല്ല ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നത് കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ല. ദീര്‍ഘകാലം പൊതുരംഗത്ത് സേവനമനുഷ്ഠിച്ച ലോക്‌സഭയിലെ ആദ്യ പ്രതിപക്ഷ നേതാവായ ഏ കെ ഗോപാലനെ പോലുള്ള വ്യക്തികളെ മോശമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല.സാമൂഹ്യമാധ്യമങ്ങളിലും പൊതുജനങ്ങള്‍ക്കിടയിലും അഭിപ്രായ പ്രകടനം നടത്തുമ്‌ബോള്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും തികഞ്ഞ ജാഗ്രത പുലര്‍ത്തേണ്ടതാണ്.

എകെജിയെ സംബന്ധിച്ച് ഉയര്‍ന്ന പരാമര്‍ശത്തിന്റെ പേരില്‍ ക്ഷുഭിതനായ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക് പോസ്റ്റ് ഞാന്‍ വായിച്ചു. സ്വന്തം മന്ത്രിസഭയിലെ അംഗങ്ങള്‍ മറ്റുള്ളവരെ പുലഭ്യം പറയുന്നത് മുഖ്യമന്ത്രി എന്ത് കൊണ്ട് കണ്ടില്ലെന്ന് നടിക്കുന്നു? ഗാന്ധി കുടുംബം മുതല്‍ ഡോ.മന്‍മോഹന്‍ സിംഗ്,സംസ്ഥാനത്തെ മുന്‍മുഖ്യമന്ത്രി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കന്മാരെ മന്ത്രിമാരും സിപിഎം പാര്‍ട്ടി നേതാക്കന്മാരും അടച്ചാക്ഷേപിക്കുകയാണ് .സ്വന്തം മന്ത്രിമാരെ നിലയ്ക്ക് നിര്‍ത്തിയ ശേഷം മതി കോണ്‍ഗ്രസുകാരോടുള്ള സാരോപദേശം എന്ന് വിനയത്തോടുകൂടി മുഖ്യമന്ത്രിയെ ഓര്‍മിപ്പിക്കുന്നു.