ബെയ്ജിങ്: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 132 ആയി.

വൈറസിനെ നിയന്ത്രണവിധേയമാക്കാനുള്ള അടിയന്തരനടപടികള്‍ക്കിടയിലും രോഗബാധിതരുടെ എണ്ണം 6000 ആയി ഉയര്‍ന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.കൊറോണവൈറസ് മൂലമുണ്ടാകുന്ന ന്യൂമോണിയ 5,974 പേരില്‍ സ്ഥിരീകരിച്ചതായി ചൈനയിലെ ആരോഗ്യവിഭാഗം അധികൃതര്‍ അറിയിച്ചു. 31 പ്രവിശ്യകളില്‍ നിന്ന് ചൊവ്വാഴ്ച രാത്രി വരെയുള്ള സംയുക്തമായ കണക്കാണിത്. ഇതു വരെ 132 പേര്‍ വൈറസ് ബാധ മൂലം മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം.ഹ്യൂബായ് തലസ്ഥാനമായ വൂഹനില്‍ മാത്രം 125 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 3,554 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 1,239 പേര്‍ ഗുരുതരനിലയിലാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 9,239 പേര്‍ വൈറസ് ബാധാസംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലാണ്. ഹ്യൂബായില്‍ മാത്രം 840 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. തായ്‌ലന്‍ഡില്‍ 14, ഹോങ് കോങ് എട്ട്, യുഎസ്., തായ്‌വാന്‍, ഓസ്‌ട്രേലിയ, മകാവു എന്നിവടങ്ങളില്‍ അഞ്ച്, ദക്ഷിണ കൊറിയ, മലേ,ഷ്യ എന്നിവടങ്ങളില്‍ നാല്, ജപ്പാന്‍ ഏഴ്, കാനഡ മൂന്ന്, വിയറ്റ് നാം രണ്ട്, നേപ്പാള്‍, കമ്ബോഡിയ, ജര്‍മനി ഒന്ന് വീതം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.