തിരുവനന്തപുരം: ( 29.01.2020) പതിനാലാം കേരള നിയമസഭയുടെ പതിനെട്ടാം സമ്മേളനം ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കും.

പതിനാലാം നിയമസഭയിലെ അംഗമായിരുന്ന മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ നിര്യാണം സംബന്ധിച്ച്‌ റഫറന്‍സ് നടത്തി 31ന് സഭ പിരിയും. 2020-21 വര്‍ഷത്തെ ബജറ്റ് ഫെബ്രുവരി ഏഴിന് അവതരിപ്പിക്കും.പതിനെട്ടാം സമ്മേളനം പത്ത് ദിവസം ചേരും. അതില്‍ നയപ്രഖ്യാപനത്തിനും ബജറ്റ് അവതരണത്തിനും ഓരോ ദിവസവും നന്ദിപ്രമേയ ചര്‍ച്ചയ്ക്കും ബജറ്റിന്‍മേലുള്ള പൊതുചര്‍ച്ചയ്ക്കും മൂന്നു ദിവസം വീതവും നിയമനിര്‍മ്മാണത്തിന് ഒരു ദിവസവും നീക്കിവച്ചിട്ടുണ്ട്. നിശ്ചയിച്ചിട്ടുള്ള നടപടികള്‍ പൂര്‍ത്തിയാക്കി സമ്മേളനം ഫെബ്രുവരി 12ന് അവസാനിപ്പിക്കാനാണ് തീരുമാനം. കടലാസ്രഹിത നിയമസഭ എന്ന ലക്ഷ്യവുമായി നടപ്പാക്കുന്ന ഇ-നിയമസഭയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സമ്മേളനത്തില്‍ തുടക്കം കുറിക്കും. അതിന്റെ ഭാഗമായി ഗവര്‍ണ്ണറുടെ പ്രസംഗവും ബജറ്റ് പ്രസംഗവും ഡിജിറ്റല്‍ രൂപത്തില്‍ അവതരിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകളുമായിട്ടാണ് തുടക്കം.