തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം വായിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറുടെ കാലുപിടിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള അന്തര്‍ധാരയാണ് ഇതിലൂടെ വെളിവായതെന്ന് ചെന്നിത്തല ആരോപിച്ചു.നിയമസഭയില്‍ നടന്നത് നാടകമാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. നിയമസഭയെ അവഹേളിച്ച ഗവര്‍ണര്‍ക്കെതിരായ സിപിഎമ്മിന്റെ നിലപാടിലെ ഇരട്ടത്താപ്പാണ് ഇന്നു വെളിവായത്. ഗവര്‍ണര്‍ പദവി വേണ്ടെന്നാണ് സിപിഎം പറയുന്നത്. എന്നിട്ടു നയപ്രഖ്യാപനം വായിക്കാന്‍ മുഖ്യമന്ത്രി ഗവര്‍ണറുടെ കാലുപിടിക്കേണ്ട ഗതികേടിലെത്തി.ലാവ്‌ലിന്‍ കേസില്‍നിന്നു രക്ഷപെടാനാണ് മുഖ്യമന്ത്രി ഗവര്‍ണറുമായി കൂട്ടുചേരുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഗവര്‍ണറും മുഖ്യമന്ത്രിയും ഭായി ഭായി ആയിരിക്കുകയാണ്. അവര്‍ തമ്മിലുള്ള അന്തര്‍ധാരയും കൂട്ടുകച്ചവടവുമാണ് വെളിയിലായിരിക്കുന്നത്. ആത്മാര്‍ഥയുണ്ടെങ്കില്‍ ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ പ്രമേയം സഭ പാസാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച പ്രതിപക്ഷ എംഎല്‍എമാരെ വാച്ച ആന്‍ഡ് വാര്‍ഡ് മര്‍ദിച്ചൈന്ന് ചെന്നിത്തല ആരോപിച്ചു. ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധ പരിപാടികളുമായി പ്രതിപക്ഷം മുന്നോട്ടുപോവുമെന്ന് ചെന്നിത്തല വ്യക്തമാക്കി.നേരത്തെ നയപ്രഖ്യാപന പ്രസംഗത്തിന് എത്തിയ ഗവര്‍ണറെ സഭയുടെ നടുത്തളത്തില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ തടഞ്ഞിരുന്നു. തുടര്‍ന്നു വാച്ച ആന്‍ഡ് വാര്‍ഡ് ബലപ്രയോഗത്തിലൂടെ എംഎല്‍എമാരെ നീക്കിയാണ് ഗവര്‍ണര്‍ക്കു വഴിയൊരുക്കിയത്