ഹൈദരാബാദ്: സെപ്റ്റംബര്‍ ഒന്ന് മുതല്‍ നടപ്പിലാക്കി വരുന്ന പുതുക്കിയ മോട്ടോര്‍ വാഹനനിയമത്തിനോട് നോ പറഞ്ഞ് തെലങ്കാനയും.

ജനങ്ങളെ ഉപദ്രവിക്കാനാവില്ല എന്നാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു പറയുന്നത്. അതുകൊണ്ട് തന്നെ ട്രാഫിക്ക് നിയമങ്ങള്‍ ലംഘിക്കുന്നതില്‍ കനത്ത പിഴ ഈടാക്കുന്ന നിയമം നടപ്പാക്കാനാവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഗതാഗത സംവിധാനങ്ങളില്‍ തെലങ്കാനയ്ക്ക് സ്വന്തമായി നിയമമുണ്ടെന്നും അതാണ് നടപ്പാക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭയിലെ ബജറ്റ് സമ്മേളനത്തിലാണ് മുഖ്യമന്ത്രി നിലപാട് അറിയിച്ചത്. കേന്ദ്രം നടപ്പിലാക്കിയ നിയമത്തോട് ബിജെപി ഭരണ സംസ്ഥാനങ്ങളായ ഗുജറാത്തും കര്‍ണാടകയും ഉള്‍പ്പെടെ നിരവധി മറ്റു സംസ്ഥാനങ്ങളും മുഖം തിരിച്ചിട്ടുണ്ട്. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ അതൃപ്തിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് തെലങ്കാനയും രംഗത്ത് വന്നിരിക്കുന്നത്.

ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ പിഴ 10,000 രൂപയില്‍ നിന്ന് 1,000 ആക്കിയാണ് കുറച്ചത്. ബിജെപി ഭരണ സംസ്ഥാനങ്ങളായ മഹാരാഷ്ട്രയും ഉത്തര്‍പ്രദേശും നിയമം നടപ്പാക്കാന്‍ സാധിക്കില്ലെന്ന സൂചനകള്‍ നല്‍കി കഴിഞ്ഞു. അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തിലുള്ള ബംഗാള്‍ പുതിയ ഗതാഗത നിയമം നടപ്പാനാവില്ലെന്ന് ആദ്യം തന്നെ തുറന്ന് പറഞ്ഞിരുന്നു. പെട്ടെന്ന് ഈ നിയമം അടിച്ചേല്‍പ്പിക്കാനാവില്ലെന്ന് ഒഡീഷയും നിലപാടെടുത്തു.