മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി പദം പങ്കുവെക്കാമെന്ന് ആര്‍ക്കും വാക്ക് നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

അത്തരത്തിലൊരു ഉറപ്പ് നല്‍കിയിട്ടുണ്ടെന്നുള്ള ശിവസേനയുടെ അവകാശവാദം അദ്ദേഹം തള്ളി. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അമിത് ഷാ ഇക്കാര്യങ്ങള്‍ പറഞ്ഞത്.മുഖ്യമന്ത്രിപദം പങ്കിടണമെന്നുള്ള ശിവസേനയുടെ ആവശ്യം പാര്‍ട്ടിക്ക് സ്വീകാര്യമല്ലാത്ത പുതിയൊരു കാര്യമാണ്. തിരഞ്ഞെടുപ്പിന് മുമ്ബ് നിരവധി തവണ താനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രചാരണ പരിപാടികളിലെല്ലാം പറഞ്ഞത് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകുമെന്നാണ്. അന്ന് ആരും ഒരു എതിര്‍പ്പും പ്രകടിപ്പിച്ചിട്ടില്ല. ഇപ്പോള്‍ അവര്‍ തങ്ങള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കാത്ത പുതിയൊരു കാര്യവുമായി രംഗത്തെത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനില്ല. ഭൂരിപക്ഷമുള്ളവര്‍ക്ക് ഗവര്‍ണറെ കാണാനും സര്‍ക്കാര്‍ രൂപീകരിക്കാനും ഇപ്പോഴും തടസങ്ങളില്ലെന്നും ആരുടെയും അവസരം നഷ്ടപ്പെടുത്താനല്ല രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതെന്നും അമിത് ഷാ വ്യക്തമാക്കി.