ന്യൂഡല്‍ഹി > ഭേദഗതിചെയ്‌ത പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭം രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാനുള്ള മഹത്തായ പോരാട്ടമാണെന്ന്‌ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

പ്രതിഷേധിക്കുന്നവര്‍ ആരാണെന്ന്‌ അവരുടെ വേഷത്തില്‍നിന്ന്‌ അറിയാമെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശം വര്‍ഗീയലക്ഷ്യത്തോടെയാണ്‌. പ്രധാനമന്ത്രി പദത്തിന്റെ അന്തസ്സ്‌ മോഡി കാത്തുസൂക്ഷിക്കണമെന്നും യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.1971നുശേഷം രാജ്യത്ത്‌ എത്തിയവര്‍ക്ക്‌ പൗരത്വം നല്‍കരുതെന്ന അസം കരാറിന്റെ ലംഘനമാണ്‌ ഭേദഗതി. ഇക്കാര്യം ചൂണ്ടിക്കാട്ടി സിപിഐ എം സുപ്രീംകോടതിയെ സമീപിക്കും. വര്‍ഗീയപ്രകോപനത്തില്‍ ആരും വീഴരുത്‌. ഭരണഘടന സംരക്ഷിക്കാനുള്ള ദേശാഭിമാനപ്രചോദിതമായ പോരാട്ടമാണ്‌ നടക്കുന്നത്‌.അസമിലെ സ്ഥിതി വളരെ മോശമാണ്‌. സിപിഐ എം നേതാക്കള്‍ അടക്കമുള്ള പൊതുപ്രവര്‍ത്തകരെ അറസ്റ്റ്‌ ചെയ്‌തു. ഇന്റര്‍നെറ്റ്‌ നിരോധനം അംഗീകരിക്കാന്‍ കഴിയില്ല. ഇന്റര്‍നെറ്റ്‌ നിരോധനകാര്യത്തില്‍ ലോകത്ത്‌ ഏറ്റവും കുപ്രസിദ്ധരാജ്യമായി ഇന്ത്യ മാറി. ജാമിയ മിലിയ ക്യാമ്ബസില്‍ പ്രവേശിക്കാന്‍ പൊലീസിന്‌ അനുമതി നല്‍കിയത്‌ ആരാണെന്ന ചോദ്യത്തിന്‌ ആഭ്യന്തരമന്ത്രി അമിത്‌ ഷാ മറുപടി നല്‍കണം.സിപിഐ എം ജനറല്‍ സെക്രട്ടറിയായിരിക്കെ പ്രകാശ്‌ കാരാട്ട്‌ 2012ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്‌ എഴുതിയ കത്തിന്റെ പേരില്‍ സംഘപരിവാര്‍ ഇപ്പോള്‍ ഉയര്‍ത്തുന്ന വാദം വസ്‌തുതകള്‍ വളച്ചൊടിക്കുന്നതിന്റെ ഉദാഹരണമാണ്‌.കിഴക്കന്‍ ബംഗാളില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്ക്‌ ഇന്ത്യ സംരക്ഷണം നല്‍കണമെന്ന്‌ ഭൂപേഷ്‌ ഗുപ്‌തയും ബസുദേവ ആചാര്യയയും പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇതുമാത്രമേ പ്രകാശ്‌ കാരാട്ടിന്റെ കത്തിലും പറയുന്നുള്ളൂ. മുസ്ലിങ്ങള്‍ക്ക്‌ ഇന്ത്യന്‍ പൗരത്വം നല്‍കരുതെന്ന്‌ സിപിഐ എം എപ്പോഴെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടോ- യെച്ചൂരി ചോദിച്ചു