തിരുവനന്തപുരം: മ്യൂസിയം ജങ്ഷനില്‍ വെച്ച്‌ മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കണമെന്ന് ശുപാര്‍ശ.

ചീഫ് സെക്രട്ടറി ടോം തോമസ് അധ്യക്ഷനായ സമിതിയാണ് ശ്രീറാമിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.കെഎം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ കമ്മീഷനെ സര്‍ക്കാര്‍ നേരത്തെ നിയമിച്ചിരുന്നു. ഈ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് മൂന്ന് ദിവസത്തിനുള്ളില്‍ വരാനിരിക്കുന്നതിനിടെയാണ് പെട്ടെന്നുള്ള ശുപാര്‍ശ.സസ്‌പെന്‍ഷന്‍ കാലാവധി ആറ് മാസം പിന്നിട്ട സാഹചര്യത്തിലാണ് ശ്രീറാമിനെ തിരിച്ചെടുക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. പോലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലും സസ്‌പെന്‍ഷന്‍ കാലാവധി ആറ് മാസം പിന്നിടുകയും ചെയ്ത സാഹചര്യത്തില്‍ സസ്‌പെന്‍ഷന്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ശ്രീറാമിന് വേണമെങ്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാമെന്ന് ചീഫ് സെക്രട്ടറിയുടെ ഓഫീസ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സര്‍ക്കാരിന്റെ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് വരുന്നത് വരെ കാത്തിരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം ഉയരുകയാണ്. ശ്രീറാമിന് വേണ്ടി ഉദ്യോഗസ്ഥ തലത്തില്‍ നിന്നും ശക്തമായ വാദങ്ങള്‍ ഉയരുന്നുണ്ടെന്നാണ് സൂചന.2019 ഓഗസ്റ്റ് മൂന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം മ്യൂസിയം ജംഗ്ഷന് സമീപം വച്ച്‌ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച്‌ സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന മലപ്പുറം സ്വദേശി കെഎം ബഷീര്‍ കൊല്ലപ്പെടുകയായിരുന്നു. ഇതിനുപിന്നാലെ, അന്നു സര്‍വ്വേ ഡയറക്ടറായിരുന്ന ശ്രീറാമിനെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു. ഈ കേസില്‍ പോലീസ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. കുറ്റപത്രം സമര്‍പ്പിച്ചിരുന്നുവെങ്കില്‍ ചട്ടപ്രകാരം സസ്‌പെന്‍ഷന്‍ റദ്ദാക്കാന്‍ സാധിക്കുമായിരുന്നില്ല. അപകടം നടക്കുമ്ബോള്‍ താനല്ല ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസാണ് വാഹനം ഓടിച്ചതെന്നായിരുന്നു ശ്രീറാം ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതിക്ക് നല്‍കിയിരുന്ന വിശദീകരണം.