തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ യുവാവിനെ മര്‍ദ്ദിച്ച്  കാറിനു മുന്‍പിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാര്‍ കേരളത്തില്‍ തന്നെ ഒളിവില്‍ കഴിയുന്നതായി സൂചന. 

 

 അദ്ദേഹം  തമിഴ്‌നാട്ടിലെ മധുരയിലേക്ക് കടന്നതായി ആണ് പോലീസ് പ്രചരിപ്പിക്കുന്നത്.   എന്നാല്‍ ഡിവൈഎസ്പിയുടെ മുന്‍കൂര്‍  ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ  മാധ്യമങ്ങളുടെ അടക്കം ശ്രദ്ധ തിരിക്കുവാന്‍ പോലീസ് ചമയുന്ന കള്ളക്കഥയാണ് തമിഴ്‌നാട്ടിലേക്ക് പ്രതി രക്ഷപ്പെട്ടു എന്നതെന്നാണ് പുറത്തുവരുന്ന രഹസ്യവിവരം.  വഞ്ചിയൂര്‍ കോടതിയില്‍ ഇന്ന്  മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച ഹരികുമാറിന്റെ അപേക്ഷ  കോടതി നാളെ പരിഗണിക്കും.  ജാമ്യാപേക്ഷ തള്ളിയാല്‍ ഉടന്‍ തന്നെ അദ്ദേഹം കീഴടങ്ങുമെന്ന സൂചനയാണ് പുറത്തുവരുന്നത്. പോലീസ് ഓഫീസേഴ്‌സ്  അസ്സോസിയേഷന്റെ സജീവ പ്രവര്‍ത്തകനായ ഡിവൈഎസ്പിയെ  രക്ഷിക്കുവാന്‍ സജീവമായ  ഇടപെടലാണ് സേനക്കുള്ളില്‍ നടക്കുന്നത്.  സര്‍വ്വീസ് റിവോള്‍വറും  ഒഫിഷ്യല്‍ ഫോണുമായാണ് ഹരികുമാര്‍ ഒളിവില്‍ കഴിയുന്നത്.   ഇത് വളരെ അപകടകരമായ സ്ഥിതി  വിശേഷമാണ്.  ഡിവൈഎസ്പിയുടെ   വീട്ടിലെത്തിയ ചില സഹപ്രവര്‍ത്തകര്‍ എത്രയും പെട്ടെന്ന്  കീഴടങ്ങാന്‍ അദ്ദേഹത്തോട് നിര്‍ദ്ദേശിക്കണമെന്നും ഒരു കുഴപ്പവുമില്ലാതെ രക്ഷപ്പെടാവുന്ന കേസാണെന്നും ബന്ധുക്കളെ പഠിപ്പിച്ചതായാണ് സൂചന.  ഡിവൈഎസ്പി യോടൊപ്പം അദ്ദേഹത്തെ രക്ഷപ്പെടുത്തുവാന്‍ സഹായിച്ച ധനകാര്യ സ്ഥാപന ഉടമയും കൂടെയുണ്ട്. ഹരികുമാര്‍ അറസ്റ്റിലായാലും രക്ഷപ്പെടുവാനുള്ള എല്ലാ പഴുതും ഇട്ടുള്ള ഗൂഢാലോചനയും അണിയറയില്‍ നടക്കുന്നുണ്ട്.  പോലീസ് ഓഫീസേഴ്‌സ്  അസ്സോസിയേഷന്റെ ഒരു ഉന്നത നേതാവാണ് ഇതിനെല്ലാം ചുക്കാന്‍ പിടിക്കുന്നത്.   എന്തായാലും നാളെതന്നെ അദ്ദേഹം കീഴടങ്ങുമെന്ന സൂചനയാണ് വിശ്വസനീയ കേന്ദ്രങ്ങള്‍ നല്‍കുന്നത്.