ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ഭിന്നത പരിഹരിക്കാനുള്ള ശ്രമം ആരംഭിച്ചതായി റിപ്പോര്‍ട്ട്.

Image result for urjit patel

നവംബര്‍ 19ന് നടക്കുന്ന റിസര്‍വ് ബാങ്ക് ബോര്‍ഡ് മീറ്റിംഗിനു മുമ്ബ് പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിക്കുന്നത്. ഉര്‍ജിത് പട്ടേലിന്റെ രാജി ഒഴിവാക്കാനാണ് തിരക്കിട്ട ശ്രമങ്ങള്‍ നടക്കുന്നത്. ഇക്കാര്യത്തില്‍ പുരോഗതി ഉണ്ടായതായും പറയുന്നു.

ആര്‍ബിഐയുടെ ഭാഗത്തുനിന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും രമ്യതയിലെത്താനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

റിസര്‍വ് ബാങ്കിന്റെ സ്വാതന്ത്ര്യത്തിലും സ്വയംഭരണത്തിലും കൈകടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതായി ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരല്‍ വി. ആചാര്യ ആരോപിച്ചിരുന്നു. ആര്‍ബിഐയുടെ കരുതല്‍ ധനശേഖരത്തിന്റെ മൂന്നിലൊന്നും കൈമാറുന്നതിനു പുറമെ, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കുക, ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കുള്ള വായ്പകള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യങ്ങളോടാണ് ആര്‍ബിഐ വിയോജിപ്പ് പ്രകടിപ്പിച്ചത്.ബാങ്കുകളുടെ വിശ്വാസ്യതയും സമ്പത് വ്യവസ്ഥയുടെ സുസ്ഥിരതയും മുന്‍നിര്‍ത്തി കേന്ദ്രത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ പറ്റില്ലെന്നാണ് ആര്‍ബിഐയുടെ നിലപാട്. സമ്മര്‍ദം തുടര്‍ന്നാല്‍ രാജിയെന്നായിരുന്നു ഉര്‍ജിത് പട്ടേല്‍ ഭീഷണി മുഴക്കിയത്.