കോയമ്ബത്തൂര്‍: ( 15.09.2019) പ്രസവത്തിനിടെ മരിച്ച അവിവാഹിതയായ മാതാവിന്റെ മൃതദേഹം കൊണ്ടുപോകാന്‍ പണമില്ലാത്തതിനാല്‍ നവജാതശിശുവിനെ 7500 രൂപയ്ക്ക് വിറ്റു. തമിഴ്‌നാട്ടിലെ കൊയമ്ബത്തൂരിലാണ് സംഭവം. സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റുചെയ്തു.

കുട്ടിയെ വില്‍പ്പന നടത്തിയ തിരുപ്പൂര്‍ കണ്ണംപാളയത്തെ തുണിമില്‍ തൊഴിലാളികളായ നാഗപട്ടണത്തെ ആനന്ദരാജ്-ഗുണശെല്‍വി ദമ്ബതികളും കുട്ടിയെ വാങ്ങിയ തിരുപ്പൂര്‍ അവിനാശിപാളയത്തെ നാഗരാജ്-മണിമേഘല ദമ്ബതികളുമാണ് അറസ്റ്റിലായത്. ഇവരെ ജില്ല ശിശുസംരക്ഷണ ഓഫിസര്‍ ആര്‍ സുന്ദര്‍ ചോദ്യം ചെയ്തു.ഗുണശെല്‍വിയുടെ സഹോദരിയും അവിവാഹിതയുമായ 27കാരിയാണ് കൊയമ്ബത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവശേഷം മാതാവ് മരിച്ചു. തുടര്‍ന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ പണമില്ലാത്തതിനാല്‍ കുഞ്ഞിനെ വില്‍ക്കുകയായിരുന്നു. പോലീസിന്റെ സഹായത്തോടെ ചൈല്‍ഡ് ലൈന്‍ കുഞ്ഞിനെ മോചിപ്പിച്ച്‌ കൊയമ്ബത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാക്കി.