ഏത് ആക്രമണവും ചെറുക്കാന്‍ വെനസ്വേല സജ്ജമാണെന്ന് വിദേശമന്ത്രി ഹോര്‍ഹെ അരിയാസ. വെനസ്വേല ഒരു സഹോദര രാജ്യത്തെയും ആക്രമിക്കില്ലെന്നും എന്നാല്‍ തങ്ങള്‍ക്കെതിരെയുണ്ടാകുന്ന ഏത് ആക്രമണത്തെയും പ്രതിരോധിക്കുമെന്നും വിദേശമന്ത്രി ഹോര്‍ഹെ അരിയാസ വ്യക്തമാക്കി.

ജനീവയില്‍ യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ അധ്യക്ഷ മിഷേല്‍ ബാഷ്ലെയുമായി കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വിദേശമന്ത്രി.വെനസ്വേലയെ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം അമേരിക്കന്‍ മേഖലയിലെ 10 രാജ്യങ്ങളും വെനസ്വേലന്‍ പ്രതിപക്ഷവുമായി ചേര്‍ന്ന് ഉടമ്ബടിയിലെത്തിയ സാഹചര്യത്തിലാണ് പ്രസ്താവനയുമായി വിദേശമന്ത്രി രംഗത്തെത്തിയത്. ബുധനാഴ്ചയാണ് ഉടമ്ബടിയിലെത്തിയത്. വെനസ്വേലന്‍ പ്രതിപഷത്തിന്റെ അഭ്യര്‍ഥനയനുസരിച്ചാണ് ഉടമ്ബടിയെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ വ്യക്തമാക്കിയിരുന്നു.വെനസ്വേലയിലെ പ്രതിപക്ഷ നേതാവ് ഹുവാന്‍ ഗുവായിദോയേയാണ് അമേരിക്ക പ്രസിഡന്റായി അംഗീകരിക്കുന്നത്. വെനസ്വേലയില്‍ അട്ടിമറി ലക്ഷ്യമിട്ടുള്ള അമേരിക്കന്‍ നീക്കങ്ങളില്‍ ഒടുവിലത്തേതാണ് മേഖലാ ഉടമ്ബടി. പ്രസിഡന്റ് നിക്കോളാസ് മഡൂറോ മേഖലയിലെ മറ്റ് രാജ്യങ്ങള്‍ക്കും ഭീഷണിയാണ് എന്നാരോപിച്ചാണ് അമേരിക്കയുടെ സന്നാഹം.