തിരുവനന്തപുരം: മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിലേക്കും ഇനി ഓണ്‍ലൈനായി പരാതികള്‍ നല്‍കാം.

 

പരിഹാരം പ്രതീക്ഷിച്ചുള്ള നീണ്ട കാത്തിരിപ്പിന് ഇതോടെ വിരാമമായി. www.cmo.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി പരാതി നല്‍കാം.പരാതിപരിഹാരം ലക്ഷ്യമിട്ട് പന്ത്രണ്ടായിരത്തോളം സര്‍ക്കാര്‍ ഓഫീസുകളെ ഈ ഓണ്‍ലൈന്‍ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അപേക്ഷ നല്‍കിയാലുടന്‍ പരാതിക്കാരന് അപേക്ഷാ നമ്ബര്‍ സഹിതമുള്ള വിവരങ്ങള്‍ എസ്.എം.എസായി ലഭിക്കും. ഈ നമ്ബര്‍ ഉപയോഗിച്ച്‌ പിന്നീട് അപേക്ഷയുടെ വിവരമന്വേഷിക്കാം.സാധാരണ പരാതികള്‍ 21 ദിവസത്തിനകം തീര്‍പ്പാക്കാനാണു ലക്ഷ്യമിട്ടിട്ടുള്ളത്. നിലവില്‍ 898 ദിവസംവരെയാണ് ഇതിനായെടുക്കുന്നത്. ദുരിതാശ്വാസ സഹായത്തിനായി അപേക്ഷിച്ചാല്‍ 175 ദിവസമാണ് ഫയല്‍ തീര്‍പ്പാക്കാനെടുത്തിരുന്നത്. ഇത് 22 ആയി കുറയ്ക്കാനാകുമെന്നാണു കരുതുന്നത്.പരാതിയില്‍ തീര്‍പ്പാകുന്നതുവരെ ഈ ഫയല്‍ ഓണ്‍ലൈന്‍ സംവിധാനത്തിലുണ്ടാകും. 0471 2517297 എന്ന നമ്ബറിലും 0471 155300 എന്ന ടോള്‍ഫ്രീ നമ്ബറിലും വിവരങ്ങളറിയാം.സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 2,36,589 പരാതികള്‍ ലഭിച്ചതില്‍ 1,65,936 എണ്ണം പരിഹരിച്ചു. 70,653 എണ്ണത്തില്‍ നടപടി തുടരുകയാണ്.