തിരുവനന്തപുരം : തിരുവനന്തപുരത്ത്  കുട്ടികള്‍ പട്ടിണി മാറ്റാന്‍  മണ്ണ് തിന്നുവെന്ന വാര്‍ത്തയെ  തുടര്‍ന്ന് വിവാദത്തിലായ  ശിശുക്ഷേമസമിതി  ജനറല്‍ സെക്രട്ടറി  എസ്.പി. ദീപക്  പുറത്തേക്ക്. 

സര്‍ക്കാരിന്  നാണക്കേട് ഉണ്ടാക്കിയ  സംഭവത്തില്‍  പദവിയില്‍  നിന്ന് രാജി വയ്ക്കുവാന്‍  പാര്‍ട്ടി സെക്രട്ടറിയേറ്റ്  ദീപകിന്  നിര്‍ദ്ദേശം നല്‍കി.  ദിവസങ്ങള്‍ക്ക്  മുന്‍പാണ് ദേശീയ തലത്തില്‍  തന്നെ  വാര്‍ത്തയായ വിവാദം ഉണ്ടാകുന്നത്.  പട്ടിണി സഹിക്കവയ്യാതെ  കുട്ടികള്‍ മണ്ണ് തിന്നു ജീവിക്കുന്നു,  എന്ന വാര്‍ത്ത ശിശുക്ഷേമ സമിതിയിലൂടെയാണ്  പുറംലോകം അറിഞ്ഞത്.  സജീവ ചര്‍ച്ചയായ വിഷയത്തില്‍ പിന്നീട്  സര്‍ക്കാര്‍ ഇടപെടുകയും  കുട്ടികളെയും അമ്മയെയും  മാറ്റി താമസിപ്പിക്കുകയും ചെയ്തു. കുട്ടികളുടെ  അമ്മക്ക് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ താല്ക്കാലിക ജോലി നല്‍കുകയും ചെയ്തു.  പിന്നീട് സ്ഥലത്തെത്തിയ  ബാലാവകാശ കമ്മീഷന്റെ അന്വേഷണത്തില്‍ ആണ് കുട്ടികള്‍ മണ്ണ് തിന്നിട്ടില്ലെന്ന  വസ്തുത പുറത്തുവന്നത്.  കുട്ടികളുടെ അമ്മയും  ഈ വാദം ശരിയാണെന്ന് സമ്മതിച്ചു.   ഈ വിഷയത്തില്‍  ഒറ്റപ്പെട്ട ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി  ദീപക് തനിക്ക്  തെറ്റ് പറ്റിയതാണെന്ന്  തുറന്ന് സമ്മതിച്ചു.  എന്നാല്‍ ഈ വിഷയത്തില്‍  സര്‍ക്കാരിന്  വിവിധ ഭാഗങ്ങളില്‍ നിന്ന് കനത്ത വിമര്‍ശനം ഏല്‍ക്കേണ്ടിവന്നു.  ഈ വിഷയത്തില്‍ ദീപകിനോട്  വിശദീകരണം തേടിയ  ശേഷമാണ് രാജി സമര്‍പ്പിക്കുവാന്‍  പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയത്.